Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 29 April 2019

സുവർണ കാലഘട്ടത്തിൽ മലയാള സിനിമ..

മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന എഴുപതുകളില്‍ നിന്നാര്‍ജ്ജിച്ച ശക്തിയും സൗന്ദര്യവുമായാണ് ചലച്ചിത്രകാരന്‍മാര്‍ എണ്‍പതുകളിലേക്ക് പ്രവേശിച്ചത്. എഴുപതുകളില്‍ നിന്ന് അനുഭവജ്ഞാനം നേടിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ് എന്നീ പ്രതിഭാധനന്മാര്‍ എണ്‍പതുകളിലും തങ്ങളുടെ സര്‍ഗസപര്യ മികവാര്‍ന്ന രീതിയില്‍ തുടര്‍ന്നു. ഒപ്പം എഴുപതുകളുടെ അവസാനത്തോടെ രംഗത്തുവന്ന പത്മരാജന്‍, ഭരതന്‍, അരവിന്ദന്റെ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി എന്‍. കരുണ്‍ തുടങ്ങിയവരും ആ കാലഘട്ടത്തെ ധന്യമാക്കി.

കലാത്മകമെന്നും വാണിജ്യപരമെന്നുമുള്ള വിഭജനങ്ങളെ മായ്ച്ചുകളയുന്ന തരത്തിലായിരുന്നു പത്മരാജനും ഭരതനും സിനിമകളൊരുക്കിയത്. ഭരതനുവേണ്ടി തിരക്കഥകള്‍ (രതിനിര്‍വേദം 1978, തകര 1980, ലോറി 1981) രചിച്ചുകൊണ്ടാണ് പത്മരാജന്‍ രംഗത്തെത്തിയത്. ക്രമേണ അദ്ദേഹം ഗംഭീരമായ ചലച്ചിത്രങ്ങള്‍ രചിച്ച് സംവിധാനം ചെയ്തു. പൊതുവഴിയമ്പലം (1979), കള്ളന്‍പവിത്രന്‍ (1981), ഒരിടത്തൊരു ഫയല്‍വാന്‍ (1981), തൂവാനത്തുമ്പികള്‍ (1987), മൂന്നാംപക്കം (1988), ഇന്നലെ (1989) തുടങ്ങിയവ ഉദാഹരണം.

'ഭരതന്‍സ്പര്‍ശം' എന്ന് പ്രേക്ഷകര്‍ വിളിച്ച സവിശേഷമായ കലാത്മകതകൊണ്ട് ഭരതന്‍ ധന്യമാക്കിയ ചിത്രങ്ങളാണ് രതിനിര്‍വേദം (1978), തകര (1979), ചാമരം (1980), ഓര്‍മ്മയ്ക്കായ് (1982), മര്‍മ്മരം (1982), വൈശാലി (1988), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയവ. കെ.ജി. ജോര്‍ജ്ജിന്റെ യവനിക (1982), ആദാമിന്റെ വാരിയെല്ല് (1983), ലേഖയുടെ മരണം ഒരു ഫ്‌ളാഷ്‌  ബാക്ക് (1983), എം.ടി. ഹരിഹരന്‍ സഖ്യത്തിന്റെ വളര്‍ത്തുമൃഗങ്ങള്‍ (1981), പഞ്ചാഗ്നി (1986), നഖക്ഷതങ്ങള്‍ (1986), അമൃതംഗമയ (1987), ഒരു വടക്കന്‍ വീരഗാഥ (1989), അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം (1981), മുഖാമുഖം (1984), അനന്തരം (1987), മതിലുകള്‍ (1989), ജി. അരവിന്ദന്റെ പോക്കുവെയില്‍ (1982), ചിദംബരം (1985), ഒരിടത്ത് (1986), സിബി മലയില്‍ - ലോഹിതദാസ് സഖ്യത്തിന്റെ തനിയാവര്‍ത്തനം (1987), കിരീടം (1989), ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ (1986), ഷാജി എന്‍. കരുണിന്റെ പിറവി (1988), സത്യന്‍ അന്തിക്കാടിന്റെ പി. ബാലഗോപാലന്‍ എം.എ. (1985), നാടോടിക്കാറ്റ് (1987), കെ. മധു - എസ്. എന്‍. സ്വാമി സഖ്യത്തിന്റെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1987) ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം (1989) എന്നീ സിനിമകളും ഈ കാലഘട്ടത്തിലാണ് റിലീസ് ചെയ്തത്.

ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ജോഷി, ലെനിന്‍ രാജേന്ദ്രന്‍, പ്രിയദര്‍ശന്‍, കമല്‍, സിദ്ദിഖ്-ലാല്‍ സഖ്യം തുടങ്ങിയ മികച്ച സംവിധായകര്‍, റ്റി. ദാമോദരന്‍, ശ്രീനിവാസന്‍, ജോണ്‍പോള്‍, ലോഹിതദാസ് തുടങ്ങിയ എഴുത്തുകാര്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, ജെറി അമല്‍ദേവ് തുടങ്ങിയ സംഗീതസംവിധായകര്‍, കെ.എസ്. ചിത്ര, ജി വേണുഗോപാല്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയ ഗായകര്‍, വേണു, സണ്ണി ജോസഫ്, ജയാനന്‍ വിന്‍സെന്റ്, എസ്. കുമാര്‍, വിപിന്‍ മോഹന്‍ തുടങ്ങിയ ഛായാഗ്രഹകര്‍, കൃഷ്ണനുണ്ണി, ഹരികുമാര്‍ തുടങ്ങി ശബ്ദലേഖകര്‍ എന്നിങ്ങനെ ഒട്ടേറെ പ്രതിഭാശാലികള്‍ക്ക് എണ്‍പതുകള്‍ അവസരമൊരുക്കി.

മലയാളസിനിമാരംഗം ഇന്നും വാഴുന്ന താരങ്ങള്‍ അരങ്ങേറ്റം കുറിച്ചതും എണ്‍പതുകളിലാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍, സുരേഷ്‌ഗോപി, ജയറാം, ശോഭന, ഉര്‍വശി തുടങ്ങിയവരെല്ലാം എണ്‍പതുകളുടെ സൃഷ്ടിയായിരുന്നു. എഴുപതുകളില്‍ രംഗത്തെത്തി ലബ്ധ പ്രതിഷ്ഠനേടിയവരാണ് ജഗതിശ്രീകുമാര്‍, ഭരത് ഗോപി, മുരളി, സുകുമാരന്‍, നെടുമുടി വേണു, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍.

No comments:

Post a Comment