Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 12 April 2019

സദാചാര കഥ..

പതിവ് പോലെ വൈകിട്ടു റോഡിലേക്ക് ഇറങ്ങിയ വഴിക്കു ആദ്യം കാണുന്ന കവലയിൽ സ്ഥിരം ആയി കുറ്റി അടിച്ചിരിക്കുന്ന ടീമുകളിൽ പ്രമുഖനായ കുട്ടപ്പൻ ചേട്ടനെ കണ്ടപ്പോ വണ്ടി ഒന്ന് സൈഡാക്കി വിശേഷങ്ങൾ ആരാഞ്ഞു.


ഇന്റർപ്‌ഷൻ – 1


ഞാൻ ജനിച്ച കാലം തൊട്ടു ആ കവലയിൽ ഇവർ കുറച്ചു പേർ ഇരിപ്പോണ്ട്. പണി എന്താ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ മുടിഞ്ഞ സോഷ്യൽ കമ്മിറ്റ്മെമന്റ് ആണ്. എന്ത് പ്രശ്നം കണ്ടാലും ഇടപെടും. രണ്ടു പേർ വണ്ടി ഒക്കെ തട്ടി കോമ്പ്രോമൈസ് ആകാൻ നിൽക്കുന്ന ഒരു അവസ്ഥ ആണെന്ന് കരുതുക, ഇവർ ഇടപെട്ടാൽ ആ രണ്ടു പേരും അടിച്ചു തകർന്നു പിരിയും, അതാണ് ഐറ്റംസ്. സദാചാരം എന്ന് കേട്ടാൽ രക്തം തിളയ്ക്കുന്ന കിടിലം ഐറ്റങ്ങൾ. ഈ കുട്ടപ്പൻ ചേട്ടന് എന്താ പണി എന്ന് എനിക്ക് അറിയില്ല , പുള്ളിയുടെ ഭാര്യ അണ്ടിയാപ്പീസിൽ പണിക്കു പോകുന്നുണ്ട്. വൈകിട്ടു അവർ കാശ് കൊടുത്തിട്ട് വേണം പുള്ളിക്ക് മിനുങ്ങിയിട്ട് വീണ്ടും വന്നു കുറ്റിമുക്കിൽ ഇരിക്കാൻ. കുറ്റിമുക്ക് ഞങ്ങൾ ഇട്ട പേരാണ്, ആളുകൾ കുറ്റി അടിച്ച പോലെ ഇരിക്കുന്ന മുക്ക്. കാശ് കിട്ടാത്ത വേളകളിൽ കുട്ടപ്പൻ ചേട്ടൻ ആ ചേച്ചിയുടെ അച്ഛനേം അമ്മയെയും പോരാഞ്ഞിട്ട് ഏതാണ്ട്  തായ്‌വഴിയിൽ  ഉള്ള സകല പേരെയും ഉച്ചത്തിൽ സ്മരിക്കുന്നത് പലവട്ടം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ നമ്മളോട് ആരോടും ഇന്ന് വരെ കടം ഒന്നും ചോദിച്ചിട്ടും ഇല്ല.


“ചേട്ടാ , എന്തൊക്കെ ഉണ്ട് “


“ഓ സുഖം മോനെ , നീ എന്ന് വന്നു “


“ഇന്നലെ എത്തി”


“നിങ്ങൾക്ക് ശനിയാഴ്ച പോണ്ടാല്ലേ ? “


“ഇല്ല, അന്നത്തെ പണി കൂടി അവന്മാര് ഈ അഞ്ചു ദിവസം കൊണ്ട് ചെയ്യിപ്പിക്കും”


“ചുമ്മാതല്ലലോ , നല്ല ചൊള കിട്ടില്ലേ “


ചൊള അല്ല കൊല എന്നൊന്നും പറയാൻ പോയില്ല..


“കഴിഞ്ഞ ആഴ്ച ഇവിടെ എന്തോ ഒരു പ്രശ്നം നടന്നെന്നു നാട്ടുകാര് പറയുന്ന കേട്ടല്ലോ ?, എന്താ കഥ”


“മോനെ , പഴയ കാലം ഒന്നും അല്ല, പിള്ളേരൊക്കെ പിഴകളാ, നമ്മുടെ രവി അണ്ണന്റെ കടയുടെ അടുത്ത് പുതിയതായി താമസത്തിനു വന്ന കുടുംബത്തിലെ പെങ്കൊച്ചില്ലേ , ആ കാലു വയ്യാത്ത തള്ളയും മോളും മാത്രമുള്ള വീട്ടിലെ , അവൾ ശരിയല്ല”


“ശരിയല്ലെന്ന് പറഞ്ഞാൽ ?”


“അവൾ ആ തുണിക്കടയിൽ പണിക്കു പോകുവാ എന്നും പറഞ്ഞു എങ്ങോട്ടാ പോകുന്നെ എന്നാ നിന്റെ വിചാരം. ലോക പിഴയാ മോനെ”


“ചേട്ടൻ വല്ലോം കണ്ടാർന്നോ?”


“പിന്നെ ചുമ്മാ കുട്ടപ്പൻ ചുമ്മാ പറയുമോ? അവളെ ഒരു 9 മണി ആകുമ്പോ മിക്കവാറും ഏതേലും പയ്യന്മാർ ബൈക്കിൽ  കൊണ്ടു വിടും, ഇവൾക്കൊക്കെ നേരത്തും കാലത്തും വീട്ടിൽ കയറിക്കൂടെ”


“അല്ല ചേട്ടാ , ആ കൊച്ചിന് ഏതോ തുണിക്കടയിൽ അല്ലെ ജോലി , ജോലി കഴിഞ്ഞു അവൾ വരാൻ ആ സമയം ആവില്ലേ? പിന്നെ നമ്മുടെ ജംക്ഷൻ നിന്നും ഇവിടെ വരെ ഇത്രേം ദൂരം ഒറ്റയ്ക്ക് വരാൻ കൂട്ടിനു കൂടെ ജോലി നോക്കുന്ന ആരേലും കൊണ്ടാക്കുന്നത് ആവില്ലേ?”


“ഓ പിന്നെ, കുഞ്ഞു ലോകം കണ്ടിട്ടില്ലാത്തോണ്ട് ഇങ്ങിനെ ഒക്കെ ചിന്തിക്കുന്നതാ, കഴിഞ്ഞ ആഴ്ച ഞങ്ങൾ ഇവിടെ ഇരുന്നവർ എല്ലാം കൂടി അവനെ അങ്ങ് പിടിച്ചു നിർത്തി. അന്നേരം അവനും ഈ കഥ ഒക്കെ തന്നെയാ പറഞ്ഞത് , നമ്മൾ വിടുവോ? പിടിച്ചു വിരട്ടി വിട്ടിട്ടുണ്ട്, ഇപ്പൊ അവൾ ഒറ്റയ്ക്കാ വരുന്നത് , അവളുടെ അഹങ്കാരം ഒക്കെ അന്നത്തോടെ തീർന്നു “


“അയ്യോ , അപ്പം ആ കൊച്ചു ഒറ്റയ്ക്കു വരണ്ടായോ?”


“അവൾക് രാത്രി എന്തോന്നു പരുപാടി??, നേരത്തെ വീട്ടിൽ കയറുന്ന ജോലിക്കു പോയാൽ മതി അവൾ , എന്റെ  പെണ്ണുംപിള്ളക്കും ഉണ്ട് ജോലി, കുഞ്ഞിന് അറിയാമല്ലോ? ആറു മണി എന്നൊരു സമയം ഉണ്ടേൽ അവൾ വീട്ടിൽ കാണും , വീട്ടിൽ ആണുങ്ങൾ ശ്രദ്ധിക്കാൻ ഇല്ലേൽ ഇതിങ്ങൾ ഒക്കെ ഇങ്ങിനെ പിഴച്ചു പോകും , ആ തള്ളയും പണ്ട് അത്ര നല്ല കേസ് ഒന്നും അല്ലായിരുന്നു”


“ഛെ , ചേട്ടാ അറിയാത്ത കാര്യം പറയാതെ”


ഇതും കേട്ടോണ്ട് വന്ന സോമൻ ചേട്ടൻ ഏഷ്യാനെറ്റിൽ ന്യൂസ്അവർ ചർച്ചയിൽ ഇടയ്ക്കു കേറി പറയുന്നത് പോലെ രണ്ടു കമന്റ്സ്  ഇട്ടേച്ചു പോയി – “ഇല്ലേൽ പിന്നെ ആ തള്ള എന്തിനാ ഈ കൊച്ചിനെ ജോലിക്കു വിട്ടിട്ടു ഒറ്റയ്ക്കു അവിടെ ഇരിക്കുന്നെ, ഫുൾ ടൈം ഫോൺവിളിയാന്നെ “


“അത് ചേട്ടൻ എങ്ങിനെ കണ്ടു?”


“അതിപ്പോ, ഞാൻ….. ഞങ്ങൾ … നമ്മളൊക്കെ ഇവിടെ തന്നെ ഉള്ളവർ അല്ലെടെ..”


ഒരു ചെറിയ ചമ്മൽ പുള്ളിയുടെ മുഖത്തു വരുന്നതിനു മുൻപേ അതിലെ പോയ വേറെ ഒരു ബൈക്കിനു കൈ കാണിച്ചു “സാധനം എടുത്തിട്ട് വരാം കുട്ടപ്പാ ” എന്നും പറഞ്ഞു പുള്ളി ലിഫ്റ്റ് അടിച്ചു പോയി. ട്രിപ്ൾസ്.


പുള്ളി പോയതും പുള്ളി പറഞ്ഞ വാക്കുകൾ കുട്ടപ്പൻ ചേട്ടൻ ശരി വച്ചു , “കണ്ടോ സോമനും അറിയാം, ഇവിടെ ഉള്ള എല്ലാവര്ക്കും അറിയാം , ഹഹഹ “


ഒരു തള്ളയും മോളും മാത്രമുള്ള വീട്ടിലെ അത്താണിയായ ആ പെങ്കൊച്ചിനെ രാത്രി കൊണ്ടാക്കാൻ വന്നു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ നല്ല മനസ്സും ആർജവവും ഇല്ലാണ്ട് ആക്കി അവളെ വീണ്ടും ഇരുട്ടിന്റെ മറവിൽ ഒരു ഇരയാക്കി വിട്ടു കൊടുത്തിട്ടു നിന്ന്  ഒരുമാതിരി ഓഞ്ഞ ചിരി പാസ്സാക്കിയ അയാളെ പിടിച്ചു രണ്ടു കൊടുക്കണം എന്നുണ്ട്. പക്ഷെ എന്നെ കൊണ്ടാവില്ല. ഞാൻ വല്ലോം പറഞ്ഞാൽ നാളെ ആ കൊച്ചിനേം എന്നേം ലുലു മാളിൽ വച്ച് കണ്ടെന്നു വരെ ഇവന്മാര് അടിച്ചിറക്കും, നമ്മൾ ഇല്ലേ 😦 😦


“അല്ല ചേട്ടാ, ഈ ട്രിപ്ൾസ് അടിക്കുന്നത് ഒക്കെ നിയമവിരുദ്ധം അല്ലെ ?”


“ഓ, നമ്മുടെ പിള്ളേർ , അവർ സൂക്ഷിച്ച ഓടിക്കത്തോള് “


അല്ലേലും ആണും പെണ്ണും ഉള്ള വിഷയത്തിൽ മാത്രമാണല്ലോ കേരളത്തിൽ സദാചാര ബോധം. ആരേലും വണ്ടി മോശം ആയി ഓടിച്ചാലോ , നിയമലംഘനം നടത്തിയാലോ, പൊതുമുതൽ നശിപ്പിക്കുന്നത് കണ്ടാലോ,  അധികാര ദുരുപയോഗം നടത്തിയാലോ, റോഡിൽ ഇരിന്നു കുടിക്കുന്നത് കണ്ടാലോ , എന്തിനു ഒരാൾ വണ്ടി ഇടിച്ചു കിടക്കുന്നത് കണ്ടാലോ നമുക്കെന്ത്… കൂടുതൽ പേർക്കും അവരോവരുടെ കാര്യം മാത്രം നോക്കി പോകാൻ ആണ് താല്പര്യം. ഞാൻ എന്ത് പറയാനാ…


ദൂരെ നിന്നും വന്ന രമേശ് ചേട്ടൻ ആക്ടിവ നിർത്തി, സീറ്റ് തുറന്നു ഒരു കവർ എടുത്തു കുട്ടപ്പന്റെ കയ്യിൽ കൊടുത്തു. മദ്യം ആയിരിക്കണമല്ലോ. “കുട്ടപ്പൻ തുടങ്ങിക്കോ , ഞാൻ ഇപ്പൊ വരാം” എന്നും പറഞ്ഞിട്ട് രമേശ് ചേട്ടൻ എങ്ങോട്ടോ പോയി.


ഇന്റർപ്‌ഷൻ – 2


രമേശ് ചേട്ടൻ – എനിക്ക് പരിചയം ഒന്നും ഇല്ല. പുള്ളി ഒരു പണച്ചാക്കാണ്, ഈ കുടിയന്മാരുടെ കൺകണ്ട ദൈവം. ചിട്ടി ആൻഡ് പലിശക്കു  കൊടുക്കൽ ആണ് ജോലി. നല്ല ചീത്തപ്പേരുണ്ട്, സത്യം എനിക്ക് അറിയില്ല. പുള്ളീടെ വീട് ഈ ഏരിയയിൽ ഒന്നും അല്ല. പക്ഷെ പുള്ളി മിക്കവാറും ഈ പഞ്ചായത്തിൽ ഒക്കെ തന്നെ കാണും.


“അപ്പൊ ശരി കുഞ്ഞേ, ഞങ്ങടെ പരുപാടിക്കുള്ള സമയം ആയി” – ഇതും പറഞ്ഞു കുപ്പിയും കൊണ്ട് തൊട്ടടുത്തുള്ള അടഞ്ഞു കിടക്കുന്ന കടയുടെ പിറകിലേക്ക് പോയി, കൂടെ രണ്ടു മൂന്ന് കവലക്കാരും അകമ്പടി സേവിച്ചു.


പോയേക്കാം എന്ന് കരുതി ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി, അന്നേരം ഇതെല്ലം കേട്ടോണ്ട് നിന്ന ചെല്ലപ്പൻ മൂപ്പര് എന്റെ അടുത്ത് വന്നു – “ചില്ലറ ഉണ്ടേൽ ഒരു 50 രൂപ താ കുഞ്ഞേ ” എന്നും പറഞ്ഞു ഒരു പുഞ്ചിരി.. 50 രൂപ ഒക്കെ ഇപ്പൊ ചില്ലറ ആയി തുടങ്ങിയിരിക്കുന്നു, കാലം പോയ പോക്കേ !!


ഇന്റർപ്‌ഷൻ – 3


ചെല്ലപ്പൻ മൂപ്പര് –  ആ ഏരിയയിലെ ആസ്ഥാന മൂപ്പർ, പുള്ളിക്ക് കള്ളിന്റെ മണമാണ്. പണിക്കു വിളിച്ചാൽ രാവിലെ വന്നു എന്തേലും ചെറിയ പണിചെയ്തു  വെച്ചിട്ട് എന്തേലും നമ്പർ ഇട്ടു മുങ്ങും. ഉടൻ തിരിച്ചു വരും എന്ന് വിളിച്ച വീട്ടുകാർക്ക് ഒരു ഉറപ്പ് കിട്ടാൻ വെട്ടുകത്തി അവിടെ വെച്ചിട്ട് കാശും മേടിച്ചു പോകും. വെട്ടുകത്തി വീട്ടിൽ ഉള്ളടുത്തോളം പുള്ളി വന്നോളും എന്ന് നമ്മൾ കരുതും. പുള്ളിക്ക് ഏതാണ്ട് പത്തിൽ അധികം വെട്ടുകത്തി ഉണ്ടെന്നു ഈ അടുത്ത കാലത്താണ് ഞാൻ മനസ്സിലാക്കിയത്.  കാശ് ആവശ്യം വരുമ്പോൾ പുള്ളി വീണ്ടും വന്നോളും.


“പുല്ല് , നിർത്താണ്ടായിരുന്നു” എന്ന് മനസ്സിൽ പ്രാകി പേഴ്സിൽ നിന്നും ഒരു 50  കൂവാ എടുത്തു അങ്ങേർക്ക് കൊടുത്തു. അത് വാങ്ങിയ പുള്ളി സന്തോഷം കൊണ്ട് എൻ്റെ  അടുത്ത് വന്നു ചെവിയിൽ ഒരു ഇൻഫർമേഷൻ തന്നു.. “രമേശൻ എങ്ങോട്ടാ പോയേന്നു അറിയോ?” ഞാൻ ഇല്ല എന്ന ഫാവത്തിൽ തല ആട്ടി.


“കുട്ടപ്പന്റെ വീട്ടിലേക്കാ ” – കണ്ണിറുക്കി കൊണ്ട് പുള്ളി പറഞ്ഞു


“ഏഹ് ” – എന്റെ അതിശയോക്തി നിറഞ്ഞു നോട്ടം കണ്ടു പുള്ളി തുടർന്നു.


” രമേശൻ അങ്ങിനെയാ, ഇവന്മാരെ ഒക്കെ കുടിപ്പിച്ചു ഇവിടെ കിടത്തും, ഇവന്മാരൊക്കെ എപ്പോ വീട്ടിൽ കയറാനാ? ആ ഗാപ് അങ്ങേരു അങ്ങ് ഫിൽ ചെയ്യും… അല്ലേൽ പിന്നെ ഓസിനു ഇവന്മാർക്ക് എന്നും കുടിക്കാൻ  മേടിച്ചു കൊടുക്കാൻ അങ്ങേർക്കു പ്രാന്തല്ലേ ?? “


ദൃതങ്കപുളകിതനായ ഞാനും വണ്ടിയും ഒരേ സമയം ഇതൊക്കെ കേട്ട് ഓഫ് ആയപ്പോൾ കാശും മടക്കി പോക്കറ്റിൽ ഇട്ടു കൊണ്ട് പുള്ളി പറഞ്ഞു – “ഞാൻ ആ മലരന്റെ കയ്യിൽ നിന്നൊന്നും ഓസിനു വാങ്ങി കുടിക്കില്ല, പോട്ടെ കുഞ്ഞേ, അവന്റെ എന്നല്ല നമുക്ക ആരുടേം ഓശാനം വേണ്ടായേ “


No comments:

Post a Comment